
ഗോവയിൽ ഒരു ആഡംബര വില്ല വാങ്ങി അത് വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുക. ദിവസം 40,000–45,000 രൂപ വരെ വാടക ലഭിച്ചാൽ മാസം 12 ലക്ഷം രൂപയോളം വരുമാനം. കേൾക്കുമ്പോൾ മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപ തന്ത്രം. എന്നാൽ, വിപണി കണക്കുകൂട്ടലുകൾ തെറ്റിയാൽ എന്ത് സംഭവിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ് നടിയും സംരംഭകയുമായ പരുൾ ഗുലാത്തി. ഗോവയിലെ തന്റെ 2 ബിഎച്ച്കെ വില്ലയിൽനിന്ന് പ്രതീക്ഷിച്ച വരുമാനവും ഇപ്പോഴത്തെ യാഥാർഥ്യവും തമ്മിൽ വലിയ അന്തരമാണുള്ളത് എന്നാണ് താരം പറയുന്നത്. 2024ൽ സാമ്പത്തിക നിക്ഷേപ വിദഗ്ധൻ ശരൺ ഹെഗ്‌ഡെയുടെ പോഡ്‌കാസ്റ്റിലാണ് പരുൾ ഗോവയിലെ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചത്.
സ്വകാര്യ സ്വിമ്മിങ് പൂളും പൂന്തോട്ടവുമുള്ള വില്ലയായിരുന്നു പരുൾ സ്വന്തമാക്കിയത്. എയർബിഎൻബി വഴി വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകി വരുമാനം നേടുകയായിരുന്നു ലക്ഷ്യം. അന്ന് ഒരു രാത്രിക്ക് 40,000 മുതൽ 45,000 രൂപ വരെ വാടക ഈടാക്കാമെന്നായിരുന്നു പ്രതീക്ഷ. എല്ലാ ദിവസവും ബുക്കിങ് ലഭിച്ചാൽ മാസത്തിൽ ഏകദേശം 12 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, രണ്ട് വർഷം പിന്നിട്ടപ്പോൾ കണക്കുകൾ മാറി. 45,000 രൂപ പ്രതീക്ഷിച്ചിടത്ത് ഇപ്പോൾ ഒരു രാത്രിക്ക് ലഭിക്കുന്നത് ഏകദേശം 11,000 രൂപ മാത്രം.
എന്താണ് സംഭവിച്ചത്?
താൻ നിക്ഷേപം നടത്തിയ സമയത്തേക്കാൾ ഗോവയിലെ വെക്കേഷൻ റെന്റൽ വിപണി ഏറെ മാറിയെന്നാണ് പരുൾ പറയുന്നത്. അന്ന് ആഡംബര വില്ലകൾക്ക് വലിയ തോതിൽ മത്സരം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിരവധി പുതിയ വില്ലകളും വെക്കേഷൻ ഹോമുകളും വിപണിയിലെത്തി. ഇതോടെ വിനോദസഞ്ചാരികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി പ്രോപ്പർട്ടികളായി. പ്രോപ്പർട്ടികൾ കൂടിയതോടെ മത്സരം കൂടി. മത്സരം കൂടിയപ്പോൾ വാടക നിരക്കും സമ്മർദത്തിലായി.
പീക്ക് സീസൺ മാത്രം പോരാ
വെക്കേഷൻ റെന്റൽ ബിസിനസിലെ മറ്റൊരു പ്രധാന ഘടകം സീസണൽ ഡിമാൻഡാണ്. പീക്ക് സീസണിൽ ഉയർന്ന വാടക ലഭിച്ചാലും വർഷം മുഴുവൻ അതേ നിരക്ക് നിലനിർത്താൻ കഴിയില്ല.
ഗോവയിലെ പീക്ക് സീസണും ഓഫ് സീസണും കൃത്യമായി മനസ്സിലാക്കാതെയാണ് താൻ നിക്ഷേപം നടത്തിയതെന്ന് പരുൾ സമ്മതിക്കുന്നു. ഓഫ് സീസണിൽ ബുക്കിങ് ലഭിക്കാൻ വാടക നിരക്ക് കുറയ്ക്കേണ്ടിവന്നതോടെ പ്രതീക്ഷിച്ച വരുമാനവും ലഭിച്ചില്ല.
നിക്ഷേപകർക്ക് പരുൾ നൽകുന്ന മുന്നറിയിപ്പ്
ഒരു പ്രദേശത്ത് ഇന്ന് ഉയർന്ന വാടക ലഭിക്കുന്നുണ്ടെന്നത് നാളെ അതേ നിരക്ക് ലഭിക്കുമെന്നതിന് ഉറപ്പല്ല. പുതിയ പ്രോപ്പർട്ടികൾ വിപണിയിലെത്തുന്നതോടെ മത്സരം മാറാം. വിനോദസഞ്ചാരികളുടെ ഡിമാൻഡും സീസണനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ടുതന്നെ വെക്കേഷൻ വില്ല വാങ്ങുമ്പോൾ ‘ദിവസം എത്ര രൂപ വാടക കിട്ടും?’ എന്ന ഒറ്റ കണക്കിൽ മാത്രം നിക്ഷേപ തീരുമാനം എടുക്കരുത്. പീക്ക് സീസണിലെ നിരക്കിനൊപ്പം ഓഫ് സീസണിലെ നിരക്ക്, ശരാശരി ബുക്കിങ്, പരിപാലനച്ചെലവ്, പ്ലാറ്റ്‌ഫോം കമ്മിഷൻ തുടങ്ങിയവയും കണക്കിലെടുക്കണം.
സ്വകാര്യ പൂളും ഗാർഡനും പോലുള്ള ആകർഷണങ്ങൾ ഉണ്ടായാലും വിപണിയിലെ മത്സരം മറികടക്കാനാകുമെന്ന് ഉറപ്പില്ല. ഗോവയിലെ തന്റെ നിക്ഷേപത്തിലൂടെ പരുൾ ഗുലാത്തിക്ക് ലഭിച്ച ഏറ്റവും വലിയ പാഠവും ഇതുതന്നെ.










